koran is back part 2

koran cycle kid funny
 Continuing from Koran is back part 1
  അതെല്ലാം അന്തക്കാലം.പിന്നീട് എട്ടാം ക്ലാസ്സില്‍  പഠിക്കുമ്പോള്‍ സഞ്ചയിക പദ്ധതിയില്‍ സ്വരുക്കൂട്ടിയ പണംകൊണ്ട് കോരന്‍ പുതിയ നീലക്കലര്‍ ഹെര്‍കുലീസ് MTB സൈക്കിള്‍ വാങ്ങി. കോരന്‍റെ  സുഹൃത്തുക്കളായ സുബ്ബനും, കൊത്തുമണീം കിര്‍ണനും അതേ മോഡല്‍ സൈക്കിള്‍ തന്നെ വാങ്ങി.യഥാക്രമം ചുവപ്പ്, കറുപ്പ്, നീല എന്നീ വര്‍ണങ്ങളില്‍. .നാലു പേരും കൂടി സൈക്കിളില്‍ ചുറ്റാന്‍ പോവുക പതിവായിരുന്നു.
                                      സുബ്ബനും കോരനും നെല്‍പാടമെല്ലാം കടന്നാണ് സ്കൂളിലേക്ക് പോയിരുന്നത്. .പാടവരമ്പിലൂടെ ഇളംകാറ്റുമേറ്റ് പ്രകൃതിസൌന്ദര്യം ആസ്വദിച്ചു അങ്ങനെ സൈക്കിളില്‍ യാത്ര ചെയ്യാന്‍ ഒരു പ്രത്യേക സുഖം തന്നെയാണ്. രണ്ട് പേരും ആ യാത്രക്കിടയില്‍ എത്രപ്രാവശ്യം പാടത്തേക്കു സൈക്കിളോട് കൂടിയും അല്ലാതെയും തലകുത്തി മറിഞ്ഞിരിക്കുന്നു.പാടത്തിന്‍റെ അവസാനം അമ്പലക്കുളം ഉള്ളതുകൊണ്ട് ഇമേജ് നഷ്ടപ്പെടാതെയിരുന്നു.റോഡില്‍നിന്ന് പാടത്തേക്കു പ്രവേശിക്കുന്നയിടത്ത് കല്‍പ്പടികളാണ്.സുബ്ബന്‍ അതിസാഹസികമായി അതിലൂടെയെല്ലാം സൈക്കിള്‍ പായിക്കുമ്പോള്‍ പേടിത്തൂറനായ കോരന്‍ താഴെയിറങ്ങി സൈക്കിള്‍ തള്ളിക്കൊണ്ടാണ് കല്പ്പടികള്‍ കടന്നിരുന്നത് .ആ പടികള്‍ക്കു മുന്നെ റോഡില്‍ മോശമല്ലാത്ത ഒരു ഇറക്കമാണ് .അങ്ങനെയിരിക്കെ ഒരിക്കല്‍ ആ ഇറക്കത്തില്‍വെച്ച്  കോരന്‍റെ പിന്നിലെ ബ്രേക്ക്‌ലിവര്‍ കയ്യില്‍ പൊട്ടിപോന്നു.മുന്നിലെ ബ്രേക്ക്‌ ആദ്യമേ കേടായിരുന്നു.നല്ല സ്പീഡിലായിരുന്നു   അളിയന്‍റെ വരവും.പോരെ പൂരം.പണ്ട് ഹനുമാന്‍ അറബിക്കടല്‍ ചാടിക്കടന്ന പോലെ ഒരു  പോക്കായിരുന്നു താഴെ പാടത്തു ലാന്‍ഡ്‌ചെയ്തത് ഒരു 10 ഇഞ്ച്‌ ഇടത്തോട്ടായിരുന്നെങ്കില്‍ അവിടെയുണ്ടായിരുന്ന വലിയ കരിങ്കല്ലില്‍ തലയിടിച്ചേനെ.അന്ന് പറ്റിയ മുറിവിന്‍റെ പാട് ഇന്നും കോരന്‍റെ തുടയില്‍ ഒരലങ്കരമായി കിടപ്പുണ്ട്.
                                    പിന്നീടൊരുനാള്‍ രണ്ടുപേരും സ്കൂളിലേക്ക് പോകുമ്പോള്‍ പെട്ടെന്ന്  സുബ്ബനൊരാശയം.ഇടത്തേകൈ വലത്തേ  ഹാന്‍ഡിലിലും വലത്തേകൈ ഇടത്തെതിലും പിടിച്ചു സൈക്കിള്‍ ഓടിച്ചാല്‍ എന്ത് സംഭവിക്കും എന്ന്.(PLS DONT TRY THIS AT HOME).പറയേണ്ട താമസം ഇതാണോ  ഇത്രവലിയ കാര്യം എന്ന മട്ടില്‍  ഹാന്‍ഡിലിലെ കൈകള്‍ പരസ്പരം മാറ്റിപ്പിടിച്ചു സൈക്കിള്‍  മുന്നോട്ടെടുത്തു.ദേ കിടക്കുന്നു സൈക്കിളും കോരനും ബാഗും റോഡില്‍, ധിം തരികിട തോം.മുന്‍മന്ത്രി  M.M ഹസ്സനെപ്പോലെ വീണിടത്ത് കിടന്നുരുളാതെ കോരന്‍ പൊടി തട്ടി എണീറ്റ്‌ ഇതൊന്നും തനിക്കു പുത്തരിയല്ല എന്ന് പറഞ്ഞു കൊണ്ട് .സുബ്ബനെ ചീത്ത വിളിക്കാനൊന്നും പുള്ളി തുനിഞ്ഞില്ല.അഭിമാനം അതല്ലേ എല്ലാം.സുബ്ബന്‍ പുറത്തു പറഞ്ഞു നാറ്റിച്ചാലോ?
                                     അതെ ദിവസം വൈകുന്നേരം രണ്ടു പേരും സ്കൂള്‍വിട്ടു  വരുമ്പോള്‍ അവരുടെ തന്നെ സ്കൂളിലെ വിദ്യാര്‍ഥിയായ വേലായുധന്‍ പിറകില്‍ വരുന്നുണ്ടായിരുന്നു .അക്കാലത്തു പ്രമുഖനായിരുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍റെ ഏകപുത്രനാണ് കക്ഷി.പിടിപാട്  കാണും  തീര്‍ച്ച.തന്‍റെ പുതിയ കണ്ടുപിടിത്തം അവന്‍റെമേല്‍ കൂടി പരീക്ഷിക്കാന്‍ സുബ്ബനു പെട്ടന്ന് മോഹമുദിച്ചു .അത്യാവശ്യം സ്പീഡില്‍ ഇറക്കത്തില്‍ വരുകയായിരുന്ന വേലപ്പനോട് രാവിലത്തെ അഭ്യാസം ചെയ്യാന്‍  പറ്റുമോ എന്ന് സുബ്ബന്‍ ചോദിച്ചു.ചതി മനസിലാകാതെ അതൊരു അഭിമാനപ്രശ്നമായി ഏറ്റെടുത്തു ആ  പാവത്താന്‍ കോരന്‍റെ പാട്ട് ഏറ്റുപാടി.കളി കാര്യമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.റോക്കറ്റ് വിട്ടപോലെ  ഒരു വശത്തുള്ള മതിലില്‍ പോയി ഒരൊറ്റ ചാര്‍ത്തല്‍.തൃശൂര്‍പൂരം സാമ്പിള്‍വെടിക്കെട്ട്‌ പോലെ കുറെ  പൊട്ടലും ചീറ്റലും.കൂടാതെ മരണവെപ്രാളം പോലെ വേലപ്പന്‍ ആര്‍ത്തലറി.നാല് ദിക്കും നടുങ്ങിപ്പോയി. പുളിച്ച നാല് പറയാന്‍ കോരന്‍ സുബ്ബനെ തിരഞ്ഞപ്പോള്‍ ആ വേന്ദ്രന്‍റെ പൊടി പോലുമില്ല.വേലായുധന്‍റെ  മുഖത്തും ദേഹത്തും കട്ടചോര.കോരന്‍ നിസ്സഹായനായി  പതുക്കെ സ്ഥലം കാലിയാക്കി.
                                പിന്നീടു കുറെ മുന്നോട്ടു പോയപ്പോള്‍ സുബ്ബനതാ കാത്തു  നില്കുന്നു.കോരനെ കണ്ടപാടെ ' ഡാ ആ ചെക്കന്‍ താമരക്ഷേട്ടന്‍റെ മകനാണോ?' എന്ന് ടിയാന്‍ ചോദിച്ചു. അതെ എന്ന് പറഞ്ഞപ്പോള്‍ സുബ്ബന്‍ കിടുകിടാന്നു വിറച്ചു.പിന്നെ ഒരുവിധത്തില്‍ വീട്ടിലേക്കു പോയി ആരുടെയോ ഭാഗ്യം  കൊണ്ട്  അത്  വലിയ പ്രശ്നമായില്ല  എന്നത്  കഥയുടെ  അനിവാര്യമായ  അവസാനം. കോരന്‍റെയും സുബ്ബന്‍റെയും മറ്റുകഥകളുമായി വീണ്ടും കാണാം ..

Post a Comment

add your comment here..