Koran is back...

koran cycle funny kid
ശ്രീമാന്‍ കോരന്‍റെ വീരചരിതത്തിന്‍റെ ആദ്യഅധ്യായം എല്ലാവരും  വായിച്ചെന്നു കരുതുന്നു.ഇപ്പ്രാവശ്യം കോരന്‍റെ സൈക്കിള്‍ ചരിതത്തെ പറ്റിയാണ്പറയാന്‍ പോകുന്നത്.അതങ്ങനെ കാണ്ഡം കാണ്ഡമായി കിടക്കുന്നത് കൊണ്ട് ആദ്യഭാഗം മാത്രമാണ് ഇവിടെ വിവരിക്കുന്നത്.അക്കഥ പറയുമ്പോള്‍ കോരനും സൈക്കിളും  തമ്മിലുള്ള കെമിസ്ട്രിയെ പറ്റിയാണ് ആദ്യം പറയേണ്ടത്.എന്താണെന്നറിയില്ല  കോരന്‍സാര്‍ ഭൂമിയിലേക്കാളധികം വായുവിലൂടെയാണ് സൈക്കിള്‍  ഓടിച്ചിട്ടുള്ളത്.ആദ്യം നമ്മുടെ ഹീറോ വാടകവീട്ടില്‍ താമസിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിലേക്ക് പോയ്‌കളയാം.കോരനും അവന്‍റെ ഏട്ടന്‍ ലാലനും പിതാശ്രീ ഓരോ സൈക്കിള്‍ മേടിച്ചു കൊടുത്തിരുന്നു.മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കൊച്ചുകോരന് അറ്റ്‌ലസ് ഗോള്‍ഡ്‌ലൈന്‍ സൂപ്പര്‍ അര-വണ്ടി.എട്ടന്  ജാംബവാന്‍റെ കാലത്തുള്ള അലാക്കിന്‍റെ ഒരു-വണ്ടി. രണ്ടുപേരും സൈക്കിള്‍ ചവിട്ടി ടൂഷന് പോകുന്നത് കാണേണ്ട കാഴ്ച തന്നാണേ.അതിലും വലിയ  തമാശ എന്താണെന്നു വച്ചാല്‍ ലാലന്‍ ടൂഷന്‍സാറിന്‍റെ വീട്ടില്‍ എത്തി മണിക്കൂറൊന്ന് കഴിഞ്ഞാലും പാവം കോരന്‍ റോഡിലെവിടേലും നിന്ന് സൈക്കിളിന്‍റെ അഴിഞ്ഞ ചങ്ങല ഇടുകയായിരിക്കും.എത്രയെത്ര പ്രാവശ്യം ചേട്ടച്ചാര്‍ കോരനെ തിരഞ്ഞു തിരികെ വന്നിട്ടുണ്ടെന്നറിയാമോ? 
                          കോരന്‍ വലിയ സൈക്കിള്‍ അഭ്യാസി ആകുന്നതിനു മുന്‍പ് ഒരുനാള്‍ കോരനും ലാലനും കടയില്‍പോയി തിരികെ വരുകയായിരുന്നു.ഒരു വലിയ ഇറക്കത്തിന്‍റെ നടുവില്‍ റോഡിന്‍റെ വലതു വശത്താണ് കോരഗൃഹം.നേരെപോയാല്‍ ഇറക്കത്തിന്‍റെ അവസാനം അന്തരിച്ച ശ്രീ.ശ്രീധരേട്ടന്‍റെ വര്‍ക്ക്‌ഷോപ്പ്.കോരന്‍റെ അച്ഛന്‍റെ വലിയ സുഹൃത്തായിരുന്നു ശ്രീധരേട്ടന്‍ .കോരന്‍ വളരെ പതുക്കെ സൈക്കിള്‍ ചവിട്ടി ആ ഇറക്കത്തില്‍ അങ്ങനെ വരികയായിരുന്നു.ചേട്ടന്‍ പിന്നാലെ നടന്നും.കുറച്ചങ്ങു പോയപ്പോള്‍ പൊടുന്നനെ കോരന്‍റെ സ്പീഡ് അങ്ങ്കൂടി.ലാലന്‍ വാപൊളിച്ചുകൊണ്ട്  "അയ്യോ എന്‍റമ്മോ, ബ്രേക്ക്‌ പിടിക്കെടാ" ന്നു ഉച്ചത്തില്‍ അലറി പിറകെ പാഞ്ഞു.ഇതെല്ലം കോരന്‍റെ സൈക്കിള്‍ ഉണ്ടോ കേള്‍ക്കുന്നു?ഹമ്പട അറ്റ്‌ലസേ? വീട്ടിലേക്കു തിരിക്കണ്ട ഭാഗമെത്തിയിട്ടും വണ്ടി നിന്നില്ല."അള്ളോ"ന്ന്‍ ഉറക്കെ നിലവിളിച്ചുകൊണ്ട് റോക്കറ്റ് വിട്ട പോലെ കോരന്‍ പാഞ്ഞു.വര്‍ക്ക്‌ഷോപിന്‍റെ മുന്നില്‍ നിര്‍ത്തിയിട്ട അംബാസിഡര്‍ കാറിന്‍റെ ബാക്ക് ലൈറ്റ് ഫിറ്റ്‌ ചെയ്യുകയായിരുന്നു ശ്രീധരേട്ടന്‍. കോരന്‍റെ   പറന്നുള്ള വരവ്കണ്ടു മൂപ്പര്‍ ജീവനും കൊണ്ടോടി.അവസാനം കോരനും  സൈക്കിളും  കൂടി  അംബാസിഡറിന്‍റെ പ്രിഷ്ഠഭാഗത്ത് പോയിട്ട് ഒരൊന്നൊന്നര  അലക്ക്...ഭും...ദേ കിടക്കുന്നു കോരന്‍ വെട്ടിയിട്ട ചക്കകണക്കെ  നിലത്തു.കാറിന്‍റെ ബാക്ക് ചളുങ്ങി, ലൈറ്റ് തരിപ്പണമായി.എന്നാലും അളിയന്  ഒന്നും പറ്റീല്ല.ഒരു കള്ളച്ചിരിയുമായി സൈക്കിളും തള്ളിക്കൊണ്ട് 'ഞാനീ  നാട്ടുകാരനല്ല' എന്ന ഭാവത്തില്‍ ആശാന്‍ സ്ഥലം കാലിയാക്കി.
                                                                                                                                      തുടരും..... 

Post a Comment

add your comment here..