korante kochu kochu thamashakal.....

എന്‍റെ ആദ്യത്തെ കഥ വായിക്കാന്‍ സന്‍മനസ്സും ക്ഷമയും കാണിച്ച ഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.നിങ്ങള്‍ നല്‍കിയ പ്രോത്സാഹനം ഒന്നു കൊണ്ടു മാത്രമാണ് വീണ്ടുമൊരു സാഹസത്തിനു മുതിരുന്നത്.ഇത്തവണയും ഒരേയൊരു മിനിമം ഗ്യാരണ്ടി മാത്രം, ബോറടിപ്പിക്കില്ല.ഈ കഥയിലെ നായകന്‍ നമുക്കെല്ലാം വളരെയേറെ പരിചിതനാണ് .തത്കാലം അദ്ദേഹത്തെ കോരന്‍ എന്ന് വിളിക്കാം.കോരന്‍റെയും സുഹൃത്തുക്കളുടെയും കുട്ടിക്കാലത്തെ മണ്ടത്തരങ്ങളും തമാശകളും ആണ് കഥയുടെ ഇതിവൃത്തം. അതില്‍ത്തന്നെ ആദ്യത്തെ അധ്യായമാണ് ഇവിടെ വിവരിക്കാന്‍ പോകുന്നത്.ഇനി കഥയിലേക്ക്‌ കടക്കാം.
                ആദ്യമായി നമ്മള്‍ പോകുന്നത് കോരന്‍റെ നാടായ പട്ടാമ്പി സിറ്റിയില്‍ ഉള്ള ബാലകൃഷ്ണാ നഴ്സറിയിലേക്കാണ്.ഒട്ടേറെ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പ്രസ്തുത സ്ഥാപനത്തില്‍ ഫലവൃക്ഷങ്ങള്‍ അലങ്കാരസസ്യങ്ങള്‍ വിത്തിനങ്ങള്‍ തുടങ്ങിയവ ഇന്നും വില്‍ക്കപ്പെടുന്നു .പണ്ടൊരിക്കല്‍ നമ്മുടെ കോരന്‍ ബാലകൃഷ്ണയുടെ ചുറ്റു മതിലില്‍ ഇപ്രകാരം എഴുതി വച്ചിരിക്കുന്നത് കാണാനിടയായി.
                 " പച്ചക്കറിവിത്ത് ഫലവൃക്ഷത്തെക്കാള്‍ വില്പനയ്ക്ക് "
കോരന് അന്ന് ഒന്‍പതു വയസ്സ്.എന്നാല്‍ ക്ലാസ്സ്‌ഫസ്റ്റ് താനായതുകൊണ്ട് സ്വയമൊരു ബുദ്ധിജീവിയാണെന്ന തോന്നല്‍ ടിയാനില്‍ നന്നായി വേരൂന്നിയിരുന്നു.മേല്‍പറഞ്ഞ ബുജി താന്‍ കാണാനിടയായ പരസ്യത്തെ ഇങ്ങനെ വ്യാഖ്യാനിച്ചു
  ' പച്ചക്കറിവിത്ത് ഫലവൃക്ഷത്തെക്കാള്‍ അധികം വില്‍ക്കപ്പെടും.അതായിരിക്കും  
സ്റ്റോക്ക്‌ കൂടുതല്‍.'
ഫലവൃക്ഷതൈകള്‍  എന്ന് തെറ്റ് തിരുത്തി  വായിക്കുമ്പോഴേക്കും  കോരന്‍റെ  മുടി നരച്ചിരുന്നു.അടുത്തതും ശ്രീകോരന്‍റെ  ലീലാവിലാസം തന്നെയാണ്.പൊന്നു പ്രമോദ് ഡോക്ടറെ, മാപ്പ്.അങ്ങയെ എല്ലാ രോഗ  വിദഗ്ദനാക്കിയതിന്.ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച്‌  കഥാനായകന്‍റെ പിതാശ്രീ കഥാനായകന്‍ ജനിച്ചുവീണ പട്ടാമ്പി നഴ്സിംഗ് ഹോമില്‍ ചികിത്സയിലായിരുന്ന കാലം.സഖാവ് കോരന്‍ അപ്പോള്‍ അഞ്ജിലോ ആറിലോ പഠിക്കുന്നു.അച്ഛന്‍റെ കാര്യങ്ങള്‍ നോക്കി നടത്താനായി സഹായിയായി സത്പുത്രനെയാണ് നിയോഗിച്ചത് .എന്നിട്ടെന്താ പാവം രോഗി രാവിലെ നേരത്തെ എണീറ്റ്‌ ചായയും പരിപ്പ് വടയും വാങ്ങിവരും.സഹായി അതെല്ലാം തിന്നുതീര്‍ക്കും.രോഗി സഹായിക്കുള്ള കൊച്ചു ബെഞ്ചില്‍ കിടന്നു കഷ്ടപ്പെടും, സഹായി രോഗിയുടെ മെത്തയില്‍ സുഖമായുറങ്ങും.ആ കാലഘട്ടത്തില്‍ ഓര്‍ത്തോ ആയിരുന്നു ഡോക്ടര്‍ പ്രമോദ് ( ഇപ്പോഴും ആണെന്ന് വിശ്വസിക്കുന്നു ).അങ്ങനെയിരിക്കെ ഓ.പി. ഏരിയയിലൂടെ പോകുമ്പോള്‍ അദേഹത്തിന്‍റെ നെയിം ബോര്‍ഡ്‌ കോരന്‍ ശ്രദ്ധിക്കാനിടയായി. 
ഡോ.പ്രമോദ് MBBS ortho
 എല്ലാ രോഗ വിദഗ്ദന്‍
സ:കോരന് പ്രത്യേകിച്ചൊന്നും തോന്നിയില്ല.ആശാന്‍ ചുറ്റുമൊന്നു കണ്ണോടിച്ചു.നോക്കുമ്പോള്‍ മറ്റെല്ലാ ഡോക്ടര്‍മാര്‍ക്കും രോഗികളുടെ വല്ലാത്ത തിരക്ക്.ഇദ്ദേഹത്തിനു മാത്രം ഒരേയൊരു രോഗി.ഒന്നും ഒന്നും കൂട്ടിവായിച്ച കോരന്‍ സാര്‍ എല്ലാ രോഗ വിദഗ്ദന്‍ എന്ന് വച്ചാല്‍ പനിക്ക് മരുന്ന് കുറിച്ച് കൊടുക്കുന്ന ജനറല്‍ മെഡിസിന്‍ ആണെന്ന് നിരൂപിച്ചു.എന്നിട്ട് തന്തപ്പിടിയോടായി പരിഹാസരൂപേണ " ഇയാള്‍ എല്ലാ രോഗ വിദഗ്ദന്‍ ആയതുകൊണ്ടല്ലേ ആരും വരാത്തത് " എന്നൊരു ചോദ്യവും.പാവം ഡാഡി പകുതിയേ കേട്ടുള്ളൂ.മകന്‍റെ ഗൌരവ പൂര്‍ണമായ ചോദ്യത്തിന് ഉത്തരം നല്‍കുന്ന ഭാവത്തില്‍ " അത് എല്ല് ഡോക്ടര്‍ ആയാല്‍ അധികം ആളുണ്ടാവില്ലല്ലോ, കൈയും കാലും എപ്പോഴും ഒടിയുമോ?" എന്ന് അങ്ങേര്‌ തിരിച്ചടിച്ചു.ശ്രീമാന്‍ കോരന്‍ പ്രമോദ് ഡോക്ടറോട്‌ ജലദോഷത്തിനു മരുന്ന് ചോദിക്കാത്തത് ഭാഗ്യം.
                             അടുത്ത ചരിതം കോരന്‍റെ ബാല്യകാല സുഹൃത്തും ഇപ്പോള്‍ പ്രൈവറ്റ് ബസ്‌ ഡ്രൈവറും ആയ സുബ്ബന്‍റെയാണ് .രണ്ടാളും പത്തു പന്ത്രണ്ടു കാലം ഒരുമിച്ചു പഠിച്ചതാണ്.ആള്‍ പണ്ട് കൊരനേക്കാള്‍ വലിയ മണ്ടനായിരുന്നു.അന്ന് ഹെഡ്മാസ്റ്റര്‍ ആയിരുന്ന ശങ്കരനാരായണന്‍ മാഷ്‌ ( ആ പുണ്യാത്മാവ് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്യാതനായി, അദ്ദേഹത്തിന്‍റെ ആത്മാവിനു നിത്യശാന്തി  നേര്‍ന്നു കൊള്ളുന്നു ) അളിയനോട് D വെച്ചൊരു വാക്ക് പറയാന്‍ പറഞ്ഞു.സ്പെഷ്യല്‍ ഇംഗ്ലീഷ് ആയിരുന്നു വിഷയം. തലചൊറിഞ്ഞും പല്ലിളിച്ചും സുബ്ബച്ചാര് ഉത്തരം കണ്ടെത്തി ' DUBBER'.എഴുതിയത് മായ്ക്കുന്ന ആ സാധനം തന്നെ, ഡബ്ബറേയ്!!.അത്കേട്ട് ഏറ്റവും ഉച്ചത്തില്‍ ചിരിച്ചത് കോരന്‍ ആണെന്നത് മറ്റൊരു സത്യം.
                            ഇങ്ങനെ എത്രയെത്ര കൊച്ചു കൊച്ചു തമാശകള്‍.ഈ മൂന്നു സംഭവങ്ങളോട് കൂടി കോരന്‍റെ മണ്ടത്തരങ്ങളുടെ ആദ്യത്തെ അധ്യായത്തിന് തിരശീല വീഴുകയാണ്.അടുത്ത ഭാഗത്തിലൂടെ വീണ്ടും കാണാമെന്ന ഉറപ്പോടെ...
നിങ്ങളുടെ സ്വന്തം ആനന്ദ്‌ .... 
   Click here to read the other parts:-
                         Koran is back part - 2

Post a Comment

add your comment here..