UPPILITTATU

ഇതു എന്‍റെ ആദ്യത്തെ കഥയാണ് കേട്ടോ.പണ്ട് സ്കൂളില്‍ പഠിക്കുന്ന സമയത്ത് കഥാരചനാ മത്സരങ്ങളില്‍ എന്‍റെ മഹനീയ സൃഷ്ടികള്‍ അനവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.അതെല്ലാം പക്ഷെ ദേവഭാഷാ സംസ്കൃതത്തിലായിരുന്നു.ഇനി ദേവഭാഷയെന്നാല്‍ മനുഷ്യര്‍ക്ക് മനസിലാകാത്ത ഭാഷയാണോ എന്നൊന്നും ചോദിക്കരുത്.ഒന്ന്  രണ്ടു  ഹോളിവുഡ്  സിനിമാക്കഥകളും ചുരുക്കി ഴുതിയിട്ടുന്ടെന്നു തോന്നുന്നു. അതൊക്കെയവിടെ നില്‍കട്ടെ ,നമുക്ക് കഥയിലേക്ക്‌ കടക്കാം (കഥയല്ല ചുടു ചോര കൊണ്ടെഴുതുന്ന സത്യം ,അമര്‍ ജവാന്‍).കഥാനായകന്‍ കൊല്ലങ്ങളായി ചര്‍ച്ചാ വിഷയമായിട്ടുള്ള എന്‍റെ ആനച്ചെവിയാണ്. എന്‍റെ സഹോദരന്‍ കളിയാക്കി എന്നെ ആനച്ചെവിയന്‍,ആന എന്നെല്ലാം വിളിക്കാറുണ്ട്.അതു കാലക്രമേണ  ആനപ്പിണ്ടിയായത് എങ്ങനാണെന്നറിയില്ല.
                        എല്ലാവരും എന്‍റെ ചെവിയെപ്പറ്റി പറയുമ്പോ ഞാന്‍ തിരിച്ചടിക്കും "ചെറിയ കുഞ്ഞായിരിക്കുമ്പോള്‍ എല്ലാരും കവിളിനു പകരം എന്‍റെ ചെവിയായിരുന്നു പിടിച്ചിരുന്നത്" എന്ന്. അങ്ങനെയാണിവന്‍ ഇന്നത്തെ  പ്രതാപത്തിലെത്തിയത് എന്നും.മുതിര്‍ന്നവരൊക്കെ ഭാഗ്യച്ചെവിയാന്നു പറയുമ്പോ ഞാന്‍ ഞെളിഞ്ഞിരിക്കും. പിതൃസഹോദരി രാധമേമ എന്നെ മുയല്‍ച്ചെവിയന്‍ എന്നാണ് വിളിക്കാറ്.ഞാനൊരു മുയലിനെപ്പോലെ  നിഷ്കളങ്കനായതുകൊണ്ടാവും.
                         ചെവിയെക്കുറിച്ച് പറയുമ്പോ സഹൃദയനായ വേലായുധന്‍ മാഷിന്‍റെ കമന്‍റ്‌ ഒഴിവാക്കാന്‍ പറ്റാത്തതാണ്.ഞാന്‍ 12 വര്‍ഷം പഠിച്ച CGM HS ലെ മാനേജരാണ് അദ്ദേഹം.ആനുവല്‍ ഡേ ഫങ്ന്‍റെ എതോ ഒരു ഗ്രൂപ്പ്‌  ഫോട്ടോ നോക്കി പണ്ട്‌ എന്‍റച്ചന്‍ അങ്ങേരോട് "ഇതിലെവിടെ വേലായുധേട്ടാ എന്‍റെ ചെക്കന്‍" എന്ന് ചോദിച്ചപ്പോ മൂപ്പര് പറയാ "നിങ്ങടെ ചെക്കനെ മനസിലാവണമെങ്കില്‍ ആ ചെവിയിലോട്ടു നോക്കിയാ പോരെ,എന്താ ഒരെടുപ്പ് "എന്ന്.ഭയങ്കര തമാശ.. ക കക്ക കാ..ന്നു ചിരിയും ....ഹും....ഇതു തീരെ കുഞ്ഞായിരുന്നപ്പോഴത്തെ സംഭവമാ..അപ്പോഴേ ടിയാന്‍ ഉഗ്ര പ്രതാപ- ശാലിയായിരുന്നു എന്ന് മനസിലായില്ലേ.പിന്നീട് കുറച്ചുകാലം ഞാനീ ചെവിയുടെ കാര്യം മറന്നു.ഏകദേശം ഒരു പത്തു പന്ത്രണ്ടു  വര്‍ഷം.പിന്നെന്തിനാ ഈ ചെറുക്കന്‍ ഇതു കുത്തിപ്പൊക്കി കൊണ്ട് വരുന്നതെന്നാവും നിങ്ങളൊക്കെ വിചാരിക്കുന്നതു.കാര്യമുണ്ട് ................
                          പ്രസ്തുത സംഭവം നടക്കുന്നത് ആയിരത്തി തൊള്ളായിരത്തി ......അല്ലേല്‍ വേണ്ട ... രണ്ടായിരത്തി പത്തു ജൂലൈ മാസത്തിലാണ്.കുറെ നാളായുള്ള ഒരാഗ്രഹമാണ് കാതു കുത്തണമെന്നത്. ചെറുപ്പം മുതലേ ഉള്ള ഒരു സ്വഭാവമാണ്,ഞാന്‍ വിചാരിച്ച കാര്യം ഒന്നും നടത്താറില്ല. ഇനി ചക്ക വീണു മുയല്‍ ചത്താലായി.കാര്യം എന്താണെന്ന് വച്ചാല്‍ എന്തെങ്കിലും ജോലി ചെയ്യുന്നതു മരിക്കുന്നതിനു സമമായിട്ടാണ് ഞാന്‍ കരുതുന്നത്.  ഞാനും ഒരു മലയാളിയല്ലേ?കാര്യങ്ങള്‍ നടക്കണമെങ്കില്‍ അതിനായി പ്രവര്‍ത്തിക്കണമല്ലോ.അതിനൊന്നും സമയമില്ല ഭായ്.അതുകൊണ്ട് തന്നെ അതൊരു വാശിയായിരുന്നു അങ്ങനെ അതു നടന്നു.നാട്ടിലെ ഒരു ജ്വല്ലറിയില്‍ അച്ഛനെയും കൂട്ടിപ്പോയി രായ്ക്ക് രാമാനം കാര്യം നടത്തി.കടയിലെ കാക്കയോടു വേദനിക്കുമോ എന്ന് ചോദിച്ചപ്പോ ആ കള്ള ഹിമാറ് പറയാ 2 വയസായ കുട്ടികള്‍ വരെ ചിരിച്ചോണ്ടാ   ഇറങ്ങിപ്പോവാറെന്ന്.അതുകൂടി കേട്ടപ്പോ രക്തം തിളച്ചു.മാങ്ങാ പറിക്കുന്ന ലാഘവത്തോടെ ഞാന്‍ ഇരുന്നു കൊടുത്തു.രണ്ടിലൊന്നറിഞ്ഞിട്ടു തന്നെ കാര്യം.ഉറുമ്പ് കടിക്കുന്ന വേദനയെ ഉള്ളത്രെ.അതു പറഞ്ഞ തെമ്മാടി ഏതുതരം ഉറുമ്പാണെന്നു കൂടി പറയണമെന്ന്  അഭ്യര്‍ഥിച്ചു- കൊള്ളുന്നു.കട്ടുറുമ്പ് ഉള്‍പെടെ .എന്തൊക്കെയായാലും അങ്കം ജയിച്ചില്ലേ..ജയ് ഒതേനന്‍....
                          കാതില്‍ രണ്ടു തുളയുള്ളത് കൊണ്ട് എന്തുമാവാം എന്ന് ധരിച്ചു വെച്ചിരിക്കുന്ന പെണ്‍മണികള്‍ക്ക്‌ അതൊരു വല്ലാത്ത അടിയായിപ്പോയി.എന്നിട്ടും വെറും ഒരു സാധാരണ പെണ്ണായ എന്‍റെ മാതാശ്രീ എന്നെ "മൊട്ടചിപ്പെണ്ണേ" എന്ന് വിളിച്ചപ്പോ ഞാന്‍ അസൂയക്ക്‌ മരുന്നില്ലെന്നു സമാധാനിച്ചു മൌനം ഭജിച്ചതെ ഉള്ളു.കഥ തീരാറായിട്ടും "ഉപ്പിലിട്ടത്‌ " എന്താണെന്ന് ആര്‍ക്കും മനസിലായിക്കാണില്ല എന്ന് നിരൂപിക്കുന്നു .മറ്റൊന്നുമല്ല, നമ്മുടെ കഥാനായകന്‍ വിശ്വവിഘ്യാതമായ ചെവി തന്നെ.കാത് കുത്തി ഒരാഴ്ചക്കുള്ളില്‍ വേദനയും നീര്‍കെട്ടും അതിനെ ആക്രമിക്കാന്‍ തുടങ്ങി.അസൂയ കടിച്ചാല്‍ പൊട്ടില്ല പെണ്ണുങ്ങളെ,പിരിച്ചാല്‍ പിരിയില്ല.അവസാനം ചെവി തക്കാളിപ്പഴം പോലെ ചുവന്നു തുടുത്തു.കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റിലാന്നു പറഞ്ഞപോലായി അവസ്ഥ .അമേരിക്കയുടെ ഇറാഖ് അധിനിവേശം പോലെ ഇതും അസ്ഥാനത്തായോ?
                           അപ്പോഴാണ് ലക്ഷക്കണക്കിന്‌ രോഗങ്ങല്‍കുള്ള ഒറ്റമൂലി എന്‍റെ ഒരു സുഹൃത്ത്‌ ഉപദേശിച്ചു തരുന്നതു .ഹനുമാന്‍ജി പണ്ട് മരുത്വാമലയില്‍ നിന്ന് കൊണ്ട് വന്ന അതേ ദിവ്യൌഷധം ......ഉപ്പു.ഗാന്ധിജി  മൈലുകള്‍ താണ്ടി നമുക്ക് നേടിത്തന്ന അവകാശം.മൂന്നു നേരം കോളേജ് മെസ്സില്‍ നിന്ന് അടിച്ചു മാറ്റിയ ഗുല്ഗുലുപ്പൊടി ചൂട് വെള്ളത്തില്‍ കലക്കി ചെവികളെ മുക്കിയെടുത്തു. സുഹൃത്തുക്കളുടെയും  കാഴ്ചക്കാരുടെയും പരിഹാസപാത്രമായെങ്കിലും കാര്യം നടന്നു.എന്ത് പറയാനാ, അങ്ങനെ വേദനയുടെയും ദുരിതങ്ങളുടെയും നീണ്ട നാളുകള്‍ക് ശേഷം ഓരോ ശ്വാസത്തിലും ആശ്വാസം.അവസാനം ഇപ്പൊ ജോസ്  അലുക്കാസീന്നു മേടിച്ച വെള്ളി കമ്മലുകള്‍ രണ്ടു കാതിലും ഇട്ടാണ് ആശാന്‍റെ നടപ്പ്.പെണ്മണികള്‍ കണ്ണെറിഞ്ഞും കണ്ണ് വെച്ചും ഉപദ്രവിക്കുന്നെങ്കിലും ദൃടനിശ്ചയ (determination)ത്തിന്‍റെ ശക്തമായ ഒരു  ഉദാഹരണമായി എന്‍റെ ഉപ്പിലിട്ട ചെവികളും വെള്ളികമ്മലുകളും ഇപ്പോഴും തലയുയര്‍ത്തി നില്കുന്നു. അഭിമാനത്തോടെ....                                                                                                   നിങ്ങളുടെ സ്വന്തം ആനന്ദ്‌ ...  

Post a Comment

add your comment here..